Sunday 30 August 2009

onaarivukal

മലയാളത്തിന്റെ മഹോത്സവമായ തിരുവോണം വീണ്ടും നമ്മുടെ തിരുമുറ്റങ്ങളിലെത്തിയിരിക്കുന്നു... ഓണപ്പൂവിളി കേട്ടുണരുന്ന നനുത്ത പ്രഭാതങ്ങള്‍ ... മനസ്സില്‍ നിറയുന്ന നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയുടെയും നയനമനോഹരമായ വര്‍ണ്ണപ്പൂക്കാഴ്ച്ചകളൊരൊക്കിയ പ്രകൃതിയും ... അതേ നിറവര്‍ണ്ണങ്ങള്‍ കൊണ്ട് നാം തീര്‍ത്ത പൂമുറ്റങ്ങളും...??? ഇതുവായിക്കുമ്പൊള്‍ നിങ്ങളുടെ മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ചിത്രം തെളിയുമായിരിക്കും...എന്നാല്‍ രണ്ട് തലമുറയ്ക്കപ്പുറം ഉള്ളവര്‍ ഈ വാചകങ്ങള്‍ വായിക്കുന്നതിനെക്കുറിച്ചെപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കേണ്ട സമയമായി.. ഇതു പറയാന്‍ കാരണം, പണ്ടെല്ലാം തിരുവോണത്തിന്റെ പൂര്‍ണ്ണതയ്ക്കായ് അത്തം ​ മുതലുള്ള ഒരോ ദിനവും പ്രത്യേകതകള്‍ നിറഞ്ഞ ഒട്ടേറെ ആചാരാനുഷ്ടാനങ്ങള്‍ ഉണ്ടായിരുന്നു... അത് അതിരാവിലെ ഇടുന്ന പൂക്കളത്തില്‍ തുടങ്ങി അടുക്കള വരെയുള്ള ഓരോ കാര്യങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു.നാട്ടാചാരങ്ങളെയും അനുഷ്ടാനങ്ങളെയും അതിനോടനുബന്ധിച്ചുള്ള കലകളെയും വിശുദ്ധിയോടെ കണ്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.. ആ കാലം മാഞ്ഞുതുടങ്ങിയപ്പോള്‍, ആ ആചാരങ്ങള്‍ക്കും മങ്ങലേറ്റു തുടങ്ങി... അല്ല സമയപരിമിതി മൂലം മനഃപൂര്‍വ്വം മറന്നു തുടങ്ങി... വരും തലമുറയുടെ കുറ്റപ്പെടുത്തലുകള്‍ നാം ഏറ്റുവാങ്ങേണ്ടി വരും!!! ഞാന്‍ നിക്കറിട്ടു നടന്നിരുന്ന, ഒരോണക്കാലം ഓര്‍മ്മയില്‍ നിന്നും പൊടിതട്ടിയെടുക്കുകയാണ്. അന്നു പരീക്ഷ കഴിഞ്ഞു പൂ പറിക്കന്‍ മാഷ്ന്റെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിന്റെ പുതുക്കിക്കെട്ടിയ മുള്ള് വേലിക്കു ഞങ്ങള്‍ കുട്ടിപ്പട്ടാളം മാഷറിയാതെ ഒരു വാതിലുണ്ടാക്കി.(ഇനി പത്തുദിവസവും അതിലൂടെയാണു സഞ്ചാരം) അന്നു മാഷിന്റെ ഉമ്മറത്ത് ചുവന്ന ചെത്തിപൂക്കള്‍ ധാരാളമുണ്ടായിരുന്നു. അതു പറിക്കന്‍ മാഷു കാണാതെ ഉമ്മറത്ത് ചെന്ന ഞങ്ങളെ മാഷ് കൈയൊടെ പിടികൂടി... തല്ല് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ സ്നേഹത്തോടെ വിളിച്ചിട്ടു ചോദിച്ചു, ''ആ ചുവന്ന പൂ എന്തിനാണ് പറിക്കുന്നത്?'' ''അയ്യേ! മാഷിനറിയില്ലെ, നാളെ അത്തമല്ലെ? അതെ കുസൃതിയൊടെ മാഷ് തിരിച്ചു പറഞ്ഞു ''അത്തത്തിനാരെങ്കിലും ചുവന്ന പൂവിടോ?'' അങ്ങിനെയൊരറിവു നേരത്തേ കേട്ടിട്ടില്ല എന്നു ഞങ്ങളുടെ മുഖത്തു നിന്നും വായിചെടുത്തിട്ടാവണം, മാഷ് ഓണത്തിന്റെ ആചാരാനുഷ്ടാനങ്ങളെ ക്കുറിച്ചു കുറെ പറഞ്ഞു തന്നു... ഇന്നതില്‍ ഓര്‍മ്മയുള്ളതു ഇവിടെ കുത്തിക്കുറിക്കുന്നു...


അത്തം

മഹാബലി തമ്പുരാനെ വരവേല്‍ക്കനുള്ള നമ്മുടെ ഒരുക്കങ്ങള്‍ തുടങ്ങുകയായി...
അത്തം കറുത്താല്‍ ഓണം വെളുത്തു എന്നു പറയാറുണ്ട്. ഒപ്പം അത്തം പത്തിനു പൊന്നോണം എന്നും. അത്തം മുതല്‍ പൂക്കളങ്ങളുടെ വരവായി... മുറ്റത്ത് തലേദിവസം ഉണ്ടാക്കിയ മണ്‍ തറയില്‍ ചാണകം ​മെഴുകി പൂക്കളമൊരുക്കുന്നു. ആദ്യ ദിനമായ അത്തം ​നാളില്‍ ഒരിനം പൂ മാത്രമേ ഇടാവൂ. ചുവന്ന പൂവിടാനും പാടില്ലത്രേ.. ഓരോ ദിവസവും ഓരോ ഇനം പൂ വീതം കൂട്ടി കൊണ്ടു വരും അങ്ങിനെ തിരുവോണ ദിവസം പത്തിനം പൂവുകള്‍... അത്തം നാളിലെ മറ്റൊരു പ്രത്യേകതയാണ് അത്തച്ചമയഘോഷയാത്ര... അങ്ങിനെ ഓണപ്പൂവിളിയും ആര്‍പ്പും കുരവയും മലയാളികളുടെ ഹൃദയത്തിലേക്ക് കടന്ന് വരുന്ന ഈ ഓണ നാള്‍ മുതല്‍ ആഘോഷപ്പൊലിമയുടെ തിരക്കാവുകയാണ്...

ചിത്തിര ചിത്തിര നാള്‍, ൨൭ നക്ഷത്രങ്ങളില്‍ ൧൪ മത്തെ നക്ഷത്രമാണ് ചിത്തിര അഥവ ചിത്ര ചിത്തിര ദിവസം രണ്ടിനം പൂവുകളാണ് പൂക്കളത്തില്‍ ഒരുക്കുന്നത് മെല്ലെ മെല്ലെ പൂക്കളത്തിന്റെ വര്‍ണ്ണസമൃദ്ധിയേറി വരുന്നു. അത്തം നാളിന്റെ അത്ര പ്രാധാന്യം ഈ നാളിനില്ല. എങ്കില്‍ക്കൂടിയും സ്ത്രീകളെല്ലാവരും കൂടിയും അമ്പലത്തില്‍ പോവുകയും. തിരുവോണത്തിനു വേണ്ട ഓരുക്കങ്ങളേക്കുറിച്ച് ആലോചിക്കുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു.