Saturday 30 August 2008

ഓണം


പേരിനു പിന്നില്‍

സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നുവല്ലോ. അക്കാലത്ത് മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. അവസ്ഥ തീര്‍ന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിന്‍ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.

Wednesday 27 August 2008

മലയാളം ഭാഷ

ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്.തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 35 ദശലക്ഷം ജനങ്ങള്‍ മലയാളം ഭാഷ സംസാരിക്കുന്നുണ്ടു്.

ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ടു്.